ഹാന്റ വൈറസ് വ്യാപനത്തെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന എം വി ഹോണ്ടിയസ് ക്രൂസ് കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യുഎസ് പൗരന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക വർധിക്കുന്നു. ഇതോടെ കപ്പലിലെ യാത്രക്കാരിൽ രോഗം ബാധിച്ചവരുടെ ആകെ എണ്ണം ഒൻപതായി ഉയർന്നു. നിലവിൽ 17 യുഎസ് പൗരന്മാരിൽ ഒരാൾക്കാണ് രോഗം പോസിറ്റീവായത്; മറ്റൊരാൾക്ക് നേരിയ ലക്ഷണങ്ങളുമുണ്ടെന്ന് യുഎസ് ആരോഗ്യവകുപ്പ് അറിയിച്ചു. 20 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ ചാർട്ടേഡ് വിമാനങ്ങൾ വഴി അതത് രാജ്യങ്ങളിലേക്ക് എത്തിക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്. ഇതിനിടെ, നാട്ടിലേക്ക് മടങ്ങിയ ഫ്രഞ്ച് യാത്രക്കാരിൽ ഒരാൾക്കും രോഗലക്ഷണങ്ങൾ കണ്ടതായി ഫ്രാൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരെ കർശനമായ നിരീക്ഷണത്തിന് വിധേയരാക്കാനാണ് തീരുമാനം. വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് ആശുപത്രികളിലേക്ക് മാറ്റുന്ന യാത്രക്കാർക്ക് 72 മണിക്കൂർ ആശുപത്രി ഐസോലേഷനും തുടർന്ന് 42 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനും വേണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. അതേസമയം, കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ നെതർലാൻഡ്സിലേക്ക് മാറ്റിയതായും ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും മാഡ്രിഡിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും ഉൾപ്പെടെ മൂന്ന് പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ‘ആന്റീസ്’ വിഭാഗത്തിൽപ്പെട്ട ഹാന്റ വൈറസാണ് കപ്പലിൽ പടർന്നതെന്ന് ആരോഗ്യവിദഗ്ധർ സ്ഥിരീകരിച്ചത് ഗൗരവം വർധിപ്പിക്കുന്നു.



