ആം ആദ്മി പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ കൂട്ടരാജി അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടിയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വിമർശിച്ചു. വിപ്ലവം എന്ന മുദ്രാവാക്യവുമായി തുടങ്ങിയ പാർട്ടി ഇപ്പോൾ അവിശ്വാസത്തിലൂടെ അന്ത്യം നേരിടുകയാണെന്ന് അവർ എക്സിൽ കുറിച്ചു. പാർട്ടിയിൽ ഇപ്പോൾ സാധാരണക്കാർ ആരും അവശേഷിക്കുന്നില്ലെന്നും അഴിമതിക്കാർ മാത്രമാണ് ഉള്ളതെന്നും പരിഹസിച്ച മുഖ്യമന്ത്രി, രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് പേരും വിട്ടുപോയത് കെജ്രിവാളിനേറ്റ നേരിട്ടുള്ള പ്രഹരമാണെന്ന് വ്യക്തമാക്കി. ഡൽഹിക്ക് പിന്നാലെ ഇനി പഞ്ചാബിന്റെ ഊഴമാണെന്നും അവർ മുന്നറിയിപ്പ് നൽകി.
അതേസമയം, രാജ്യസഭാ എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന കടുത്ത ആശങ്കയിലാണ് എഎപി നേതൃത്വം. ബിജെപിയിൽ ചേർന്ന നേതാക്കൾ തങ്ങൾക്ക് 60-ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഈ കൂടുമാറ്റം തടയുന്നതിനായി ഉന്നത നേതാക്കൾ ഇടഞ്ഞുനിൽക്കുന്നവരുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരാനും സാധ്യതയുണ്ട്.



