India Mirror News

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ വിവാദം; പമ്പ പോലീസ് കേസെടുത്തു

ശബരിമല സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നതിൽ വിവാദം; പമ്പ പോലീസ് കേസെടുത്തു

ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം വലിയ വിവാദമാകുന്നു. അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് ചേതക് ഹെലികോപ്റ്റർ സോപാനത്തിനും കൊടിമരത്തിനും തൊട്ടുമുകളിലൂടെ വേഗത കുറച്ച് പറന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിനോട് അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. അനുമതിയില്ലാതെ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് പരിഭ്രാന്തി പരത്തിയെന്ന കുറ്റത്തിന് പമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടിമരത്തിനും സോപാനത്തിനും സമീപം വേഗത കുറച്ചു സഞ്ചരിച്ച ഹെലികോപ്റ്ററിലുണ്ടായിരുന്നവർ ശ്രീകോവിലിന്റെ ഉൾപ്പെടെ ദൃശ്യങ്ങൾ പകർത്തിയോ എന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, മനഃപൂർവ്വം ക്ഷേത്രത്തിന് മുകളിലൂടെ പറന്നതല്ലെന്നും മോശം കാലാവസ്ഥയെത്തുടർന്ന് ദിശ മാറി സഞ്ചരിച്ചതാണെന്നുമാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ കണ്ടെത്താൻ പ്രയാസപ്പെട്ടതിനാലാണ് താഴേക്ക് പറന്നതെന്നും, ഇത് റഡാർ അധിഷ്ഠിതമല്ലാത്ത ജിപിഎസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനമാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, മുൻപൊരിക്കലും ഒരു സേനാവിഭാഗവും അനുമതിയില്ലാതെ ശബരിമലയ്ക്ക് മുകളിൽ ഇത്തരത്തിൽ നിരീക്ഷണം നടത്തിയിട്ടില്ലാത്തതിനാൽ വിഷയം അതീവ ഗൗരവതരമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്തുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ കൂടി പരിശോധിച്ചാകും പോലീസ് തുടർനടപടികൾ സ്വീകരിക്കുക.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *