India Mirror News

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റായി ചുരുക്കി

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റായി ചുരുക്കി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ ദാരുണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആഘോഷങ്ങൾ ആചാരപരമായ ചടങ്ങുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനമായത്. സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കി പ്രധാന വെടിക്കെട്ടുകൾ നടത്താമെന്നായിരുന്നു പാറമേക്കാവ് ദേവസ്വം ആദ്യം അറിയിച്ചിരുന്നതെങ്കിലും, ദുരന്തബാധിതരോടുള്ള ആദരസൂചകമായി വെടിക്കെട്ട് വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ പ്രതിനിധികൾ യോഗത്തിൽ എത്തിച്ചേരുകയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ഈ യോഗത്തിൽ ദേവസ്വങ്ങൾ തങ്ങളുടെ മുൻ നിലപാടുകൾ മാറ്റാൻ തയ്യാറായി.

ആഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസപ്രസിദ്ധമായ കുടമാറ്റവും ഇത്തവണ പേരിന് മാത്രമായി ഒതുങ്ങും. സാധാരണയായി മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന മത്സര കുടമാറ്റം ഇത്തവണ 15 മിനിറ്റിൽ അവസാനിക്കും. 55 സെറ്റ് കുടകൾക്ക് പകരം വളരെ കുറച്ച് സെറ്റ് കുടകൾ മാത്രമേ ഇരു വിഭാഗവും ഉയർത്തുകയുള്ളൂ. എന്നാൽ ആനകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ല; പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്കായി 15 ആനകൾ വീതം കുടമാറ്റത്തിന് അണിനിരക്കും. നേരത്തെ തന്നെ വെടിക്കെട്ടിൽ നിന്ന് പിന്മാറുമെന്ന് തിരുവമ്പാടി ദേവസ്വം വ്യക്തമാക്കിയിരുന്നുവെങ്കിലും പാറമേക്കാവിനെക്കൂടി ഈ തീരുമാനത്തിലേക്ക് എത്തിക്കാൻ സർക്കാരിന്റെ ഇടപെടലിലൂടെ സാധിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൂരത്തിന്റെ ശോഭയേക്കാൾ മനുഷ്യജീവന് വില കൽപ്പിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *