India Mirror News

പാലക്കാട് 40 ഡിഗ്രി; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

പാലക്കാട് 40 ഡിഗ്രി; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കളക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ശാരീരിക വിദ്യാഭ്യാസ പരിശീലനങ്ങളും കായിക ക്ലാസുകളും പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശിച്ചു. അങ്കണവാടികളുടെ പ്രവർത്തനത്തിൽ നിലവിൽ നിയന്ത്രണങ്ങളില്ലെങ്കിലും കുട്ടികളെ അയക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് തീരുമാനമെടുക്കാം. മാറ്റിവെക്കാൻ സാധിക്കാത്ത പരീക്ഷകൾ ഉണ്ടെങ്കിൽ ചൂടിനെ പ്രതിരോധിക്കാനുള്ള ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി മാത്രമേ നടത്താവൂ എന്നും അധികൃതർ വ്യക്തമാക്കി.

പാലക്കാടിന് പിന്നാലെ കൊല്ലം ജില്ലയിലും ചൂട് കടുക്കുകയാണ്; ഇവിടെ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. ഈ മാസം 24 വരെ കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ഇതിനിടയിൽ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ ലഭിച്ചേക്കാമെന്നത് നേരിയ ആശ്വാസത്തിന് വകനൽകുന്നുണ്ട്. എങ്കിലും ഉയർന്ന താപനില ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഓർമ്മിപ്പിക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *