India Mirror News

തൃണമൂൽ വിട്ട് പി.വി. അൻവർ; മേയ് 15-നകം പുതിയ പാർട്ടി

തൃണമൂൽ വിട്ട് പി.വി. അൻവർ; മേയ് 15-നകം പുതിയ പാർട്ടി

കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചതായും ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. മേയ് 15-നുള്ളിൽ പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോൺഗ്രസുമായി ഇനി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും കോൺഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ലെന്നും അൻവർ ആരോപിച്ചു. ബേപ്പൂരിലെ മത്സരസമയത്തുപോലും പാർട്ടി തുണച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തിന് ബുദ്ധിമുട്ടാകുമെന്നാണ് ടിഎംസി നേതൃത്വം തന്നെ അറിയിച്ചത്. എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത താൻ ബോധ്യപ്പെടുത്തിയിട്ടും അവർ അനുകൂല നിലപാട് സ്വീകരിച്ചില്ല. കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിടാനുള്ള വിമുഖത കാരണമാണ് ടിഎംസി നേതാക്കൾ പ്രചാരണത്തിന് വരാതിരുന്നതെന്നും, യുഡിഎഫുമായി സഹകരിച്ചതിനാലാണ് തനിക്ക് ബേപ്പൂരിൽ പാർട്ടി ചിഹ്നം നൽകാതിരുന്നതെന്നും അൻവർ വെളിപ്പെടുത്തി. രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും യുഡിഎഫ് മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നത് ദുരൂഹമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അൻവർ ആരോപിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *