India Mirror News

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; അമേരിക്ക – ഇറാൻ തർക്കം രൂക്ഷം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; അമേരിക്ക – ഇറാൻ തർക്കം രൂക്ഷം

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ, ലോകത്തിന്റെ ഇന്ധന സിര എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇരുരാജ്യങ്ങളും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. ഇതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ആറ് ശതമാനത്തിലേറെ വർധനയാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച എണ്ണവിലയിൽ ഗണ്യമായ ഇടിവ് കണ്ടിരുന്നെങ്കിലും, ഇന്ന് വിപണി തുറന്നപ്പോൾ ബ്രെന്റ് ക്രൂഡ് വില ബാരലിന് 96.49 ഡോളറായും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 90.38 ഡോളറായും കുതിച്ചുയർന്നു.

ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും വ്യോമാക്രമണം നടത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പും ഇറാന്റെ കടുത്ത നിലപാടുകളും എണ്ണ വിപണിയെ കടുത്ത ആശങ്കയിലാക്കുന്നു. ലോകത്തെ എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത ഇടയ്ക്കിടെ അടയ്ക്കുന്നത് ആഗോള വിതരണ ശൃംഖലയെ പൂർണ്ണമായും താളംതെറ്റിക്കുകയാണ്. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായാണ് ഇറാൻ പാത തടയുന്നത്.

കഴിഞ്ഞ ശനിയാഴ്ച ഇരുപതോളം കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോയത് വിപണിയിൽ നേരിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും പുതിയ തർക്കങ്ങൾ തിരിച്ചടിയായി. ഹോർമുസ് പാത തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായെന്ന ട്രംപിന്റെ മുൻ അവകാശവാദങ്ങൾ വിശ്വസിച്ച എണ്ണ വ്യാപാരികൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. കടലിടുക്ക് അടച്ചതോടെ ചരക്കുനീക്കം തടസ്സപ്പെടുകയും കപ്പൽ ഉടമകൾ കടുത്ത ആശങ്കയിലാവുകയും ചെയ്തിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ ആഗോളതലത്തിൽ ഇന്ധനവില ഇനിയും വർദ്ധിക്കാൻ കാരണമായേക്കാം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *