സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കാം. അന്തരീക്ഷത്തിലെ ഉയർന്ന ആർദ്രത കാരണം മലയോര മേഖലകളിലൊഴികെ കടുത്ത അസ്വസ്ഥതയും ചൂടും അനുഭവപ്പെട്ടേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടുത്ത ചൂട് കണക്കിലെടുത്ത് പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി വിപുലമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദ്ദേശം. ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാനും നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ഉപയോഗിക്കണം. നിർമ്മാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരീക്ഷാ ഹാളുകളിലും കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണം. 11 മുതൽ 3 വരെ കുട്ടികൾക്ക് വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം.
മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും മാധ്യമപ്രവർത്തകർക്കും പോലീസുകാർക്കും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശമുണ്ട്. ചൂട് കൂടുന്നതോടെ മാർക്കറ്റുകളിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും തീപിടുത്ത സാധ്യത വർധിക്കുന്നതിനാൽ ഫയർ ഓഡിറ്റും സുരക്ഷാ പരിശോധനകളും നടത്തണം. കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പുലർത്തണം. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണമെന്നും കുട്ടികളെയോ മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്നും നിർദ്ദേശമുണ്ട്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.



