India Mirror News

നിതീഷ് കുമാർ ഇന്ന് രാജിവെക്കും; ബിഹാറിൽ ബിജെപി മുഖ്യമന്ത്രിക്ക് സാധ്യത

നിതീഷ് കുമാർ ഇന്ന് രാജിവെക്കും; ബിഹാറിൽ ബിജെപി മുഖ്യമന്ത്രിക്ക് സാധ്യത

ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് കുറിച്ചുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജിവെക്കും. രാവിലെ പതിനൊന്നിന് നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും അദ്ദേഹം ഗവർണർ സയ്യിദ് അതാ ഹസ്‌നൈന് രാജിക്കത്ത് കൈമാറുക. തന്റെ ഭരണകാലയളവിൽ ബിഹാർ കൈവരിച്ച നേട്ടങ്ങൾ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം വിശദീകരിക്കും. ഏപ്രിൽ 10-ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിനെത്തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി പദവും എംഎൽസി സ്ഥാനവും ഒഴിയുന്നത്. ജെഡിയു, ബിജെപി നിയമസഭാ കക്ഷി യോഗങ്ങളും എൻഡിഎ യോഗവും ഇന്ന് തന്നെ ചേർന്ന് പുതിയ ഭരണനേതൃത്വത്തെ തീരുമാനിക്കും.

നിതീഷ് കുമാർ പടിയിറങ്ങുമ്പോൾ ബിഹാറിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമാണ്. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്, മുൻ സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് കുമാർ ജയ്‌സ്വാൾ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. സാമ്രാട്ട് ചൗധരിയാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബിഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തും. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ടെന്നാണ് സൂചനകൾ. 2005 മുതൽ ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോർഡുമായാണ് നിതീഷ് കുമാർ വിരമിക്കുന്നത്.

അതേസമയം, നിതീഷ് കുമാറിന്റെ ഈ മാറ്റത്തെ രാഷ്ട്രീയ വിമർശനങ്ങളോടെയാണ് പ്രതിപക്ഷം കാണുന്നത്. സഖ്യകക്ഷിയായ ബിജെപിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നിതീഷ് രാജ്യസഭയിലേക്ക് പോകുന്നതെന്നും ജെഡിയുവിനെ തകർക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നുമാണ് ആർജെഡി വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് ആരോപിച്ചത്. നിതീഷിന് രാജ്യസഭയിലേക്ക് പോകാൻ താല്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിൽ ബിജെപി ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ ഭരണമാറ്റമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *