ദന്തൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതരെ പ്രതിക്കൂട്ടിലാക്കുന്ന നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കോളജിലെ അധ്യാപകനായ റാമും നിതിൻ രാജും തമ്മിൽ നേരത്തെ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് പ്രിൻസിപ്പൽ വിനോദ് മോനി നിതിനെ ഓഫീസിലേക്ക് വിളിപ്പിച്ചതെന്നും സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. പ്രിൻസിപ്പലിന്റെ മുറിയിൽ മറ്റൊരു അധ്യാപകൻ കൂടി ആ സമയം ഉണ്ടായിരുന്നു. അവിടെ നിന്നും അതീവ ദുഃഖിതനായി കരഞ്ഞുകൊണ്ടാണ് നിതിൻ പുറത്തേക്ക് വന്നതെന്ന ദൃക്സാക്ഷികളുടെ മൊഴികളെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ. പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിന് എന്തെങ്കിലും തരത്തിലുള്ള മാനസിക പീഡനങ്ങളോ മോശം അനുഭവങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും അന്വേഷിക്കുന്നത്.
അതേസമയം, കേസിൽ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തില്ലെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മതിയായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നിലവിൽ ആരോപണവിധേയരായ രണ്ട് അധ്യാപകരും ഒളിവിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ അന്വേഷണസംഘം നിതിന്റെ രക്ഷിതാക്കളുടെയും അയൽവാസികളുടെയും മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു. ദന്തൽ കോളജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും നിതിന്റെ അച്ഛൻ രാജൻ വെളിപ്പെടുത്തിയിട്ടുണ്ട്. പരാതി പറയാൻ പോലും സംവിധാനമില്ലാത്ത കോളജിൽ ഭയം മൂലമാണ് വിദ്യാർത്ഥികൾ നിശബ്ദത പാലിക്കുന്നതെന്നും, തന്റെ മകന്റെ ഗതി ഇനി ആർക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപങ്ങൾ നേരിട്ട മറ്റ് വിദ്യാർത്ഥികൾ കൂടി മുന്നോട്ട് വന്ന് കാര്യങ്ങൾ തുറന്നു പറയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.



