ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര സംഘടനകൾ കർശന നടപടി സ്വീകരിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നിവയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതായി ഭാരവാഹികളായ രഞ്ജി പണിക്കരും ജി.എസ്. വിജയനും അറിയിച്ചു. സംഘടനയിലെ എല്ലാ അംഗങ്ങൾക്കും നിയമം ഒരുപോലെയാണെന്നും കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ യുവനടിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം ഉൾപ്പെടെ നാല് വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.
തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയപ്പോൾ പ്രഥമദൃഷ്ട്യാ കേസിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. എന്നാൽ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്റെ വാദം. നടി എന്തുകൊണ്ട് കൃത്യസമയത്ത് പരാതി നൽകിയില്ലെന്ന് ചോദ്യമുയർത്തിയ അദ്ദേഹം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, പ്രതിക്ക് ജാമ്യം നൽകുന്നത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു. സംഭവത്തിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പോലീസ്.



