India Mirror News

പ്രളയത്തിൽ ഒഴുകിപ്പോയി 3000 ഗ്യാസ് സിലിണ്ടറുകൾ;

പ്രളയത്തിൽ ഒഴുകിപ്പോയി 3000 ഗ്യാസ് സിലിണ്ടറുകൾ;

മഹാരാഷ്ട്രയിലെ റായ്ഗഡിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ മഴയിൽ പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും പ്രളയജലം ഉള്ളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ കൂട്ടത്തോടെ പാതാൾഗംഗ പുഴയിലേക്കും സമീപത്തെ കായലിലേക്കും ഒഴുക്കിൽപ്പെട്ടു. നദിയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിനടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്നതും മൂലം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട ജില്ലകളിലൊന്നാണ് റായ്ഗഡ്.

ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറച്ചിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. സിലിണ്ടറുകൾ കണ്ടെത്തുന്ന ജനങ്ങൾ അവ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ തുറക്കാൻ ശ്രമിക്കാനോ പാടില്ലെന്നും, ഉടൻ തന്നെ ജില്ലാ ഭരണകൂടത്തെയോ കമ്പനിയെയോ വിവരമറിയിക്കണമെന്നും റായ്ഗഡ് കളക്ടർ കിഷൻ ജാവ്‌ലെ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സിലിണ്ടറുകൾ സുരക്ഷിതമായ അവസ്ഥയിലാണോ എന്ന് ഉറപ്പില്ലാത്തതിനാൽ ഇവ വീട്ടിൽ കൊണ്ടുപോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. എന്നാൽ അധികൃതരുടെ കടുത്ത ജാഗ്രതാ നിർദ്ദേശം അവഗണിച്ച്, കുത്തൊഴുക്കിൽപ്പെട്ട് കരയ്ക്കടിഞ്ഞ സിലിണ്ടറുകൾ പലയിടത്തും നാട്ടുകാർ കൈക്കലാക്കിയതായും റിപ്പോർട്ടുകളുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *