വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. 2025 മാർച്ച് 14-ന് ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിനിടെ അണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ വൻതോതിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ പകർത്തിയ ഫോട്ടോകളും വീഡിയോകളും വ്യക്തമായ തെളിവായി സ്വീകരിച്ചാണ് അന്വേഷണ സമിതി കണ്ടെത്തലുകൾ നടത്തിയത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലല്ലെന്നും പൂർണ്ണമായും ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണം നടത്തിയതെന്നും ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിഷയത്തിൽ ജസ്റ്റിസ് വർമ്മ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ സമിതി, പണം കണ്ടെത്തിയ സ്റ്റോർ റൂമിൽ അദ്ദേഹത്തിന് സജീവമായോ പരോക്ഷമായോ നിയന്ത്രണമുണ്ടായിരുന്നുവെന്നും നിരീക്ഷിച്ചു. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നതിന് തെളിവുകളൊന്നുമില്ല. അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രൂപീകരിച്ച ആഭ്യന്തര സമിതിയുടെ അന്വേഷണത്തിന് ശേഷം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് വർമ്മ പിന്നീട് രാജിവെച്ചു. എന്നാൽ ഇദ്ദേഹത്തിന്റെ രാജി നിയമ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടില്ല. മുൻപ് 200-ലധികം എം.പിമാർ ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിൽ ഒപ്പുവെച്ചിരുന്നു.



