India Mirror News

പ്രിയദർശിനി സൗജന്യയാത്രയ്ക്ക് വൻ തുടക്കം; ആദ്യദിനം കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകൾ

പ്രിയദർശിനി സൗജന്യയാത്രയ്ക്ക് വൻ തുടക്കം; ആദ്യദിനം കെഎസ്ആർടിസിയിൽ യാത്ര ചെയ്തത് 13 ലക്ഷത്തിലേറെ വനിതകൾ

സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച ആദ്യ ദിനം തന്നെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ റെക്കോർഡ് ജനപങ്കാളിത്തം. പദ്ധതി നിലവിൽ വന്ന ആദ്യ ദിനമായ ഇന്നലെ പതിമൂന്ന് ലക്ഷത്തിലേറെ വനിതാ യാത്രികരാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. സാധാരണ തിങ്കളാഴ്ചകളെ അപേക്ഷിച്ച് അഞ്ചര ലക്ഷത്തിലധികം അതായത് കൃത്യമായി പറഞ്ഞാൽ 5,95,245 വനിതാ യാത്രക്കാരുടെ വർധനവാണ് ഇന്നലെ മാത്രം കെഎസ്ആർടിസി ബസുകളിൽ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം സീറോ ടിക്കറ്റ് വഴി 7,83,115 വനിതാ യാത്രക്കാരാണ് യാത്ര ചെയ്തത്. ഈ ഇനത്തിൽ കെഎസ്ആർടിസിക്ക് നേരിട്ട സീറോ ടിക്കറ്റ് വരുമാന നഷ്ടം 1,59,56,801 രൂപയാണ്. അതേസമയം വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായപ്പോൾ ബസുകളിൽ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് പ്രകടമായിട്ടുണ്ട്.

ദിവസവേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീകൾക്കും മറ്റ് സാധാരണക്കാരായ യാത്രക്കാർക്കുമാണ് ഈ പദ്ധതി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക എന്നാണ് പ്രാഥമിക വിലയിരുത്തൽ. യാത്ര സൗജന്യമാകുന്നതോടെ ഓരോ വനിതയ്ക്കും പ്രതിമാസം 600 രൂപ മുതൽ 3000 രൂപ വരെ ലാഭിക്കാൻ സാധിക്കുമെന്നതാണ് പ്രിയദർശിനി പദ്ധതിയുടെ പ്രധാന ആകർഷണം. ടിക്കറ്റ് നിരക്ക് പൂജ്യമാണെങ്കിലും ബസുകളിൽ കയറുമ്പോൾ കണ്ടക്ടറിൽ നിന്നും ‘സീറോ ടിക്കറ്റ്’ കൈപ്പറ്റേണ്ടത് നിർബന്ധമാണെന്ന കാര്യം യാത്രക്കാർ പ്രത്യേകം ഓർക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ വനിതകൾ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *