തിരുവനന്തപുരം: കൂടുതൽ കരുത്തുറ്റ വികസനക്കുതിപ്പിലേക്ക് ചുവടുവെച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി 21 ഷിപ് ടു ഷോർ ക്രെയിനുകളും 45 യാർഡ് ക്രെയിനുകളും കൂടി ഉടൻ സജ്ജമാക്കുന്നതോടെ 3500 കോടി രൂപയുടെ ബൃഹത്തായ വികസനമാണ് വിഴിഞ്ഞം ലക്ഷ്യമിടുന്നത്. ഇതിന് പുറമെ, ആഗോള ഷിപ്പിംഗ് ഭീമന്മാരായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിൽ 13,000 കോടി രൂപയുടെ (139.7 കോടി ഡോളർ) വൻ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഈ വിദേശ നിക്ഷേപത്തിലൂടെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ സ്വന്തമാക്കും. ഈ ഓഹരി കൈമാറ്റത്തിന് നിയമപരമായ അനുമതി തേടിക്കൊണ്ട് അദാനി ഗ്രൂപ്പ് ഇന്നോ നാളേയോ കേരള സർക്കാരിന് ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കും. പുതിയ പങ്കാളിത്തത്തോടെ തുറമുഖത്തിന്റെ മൊത്തം മൂല്യം 27,000 കോടി രൂപയായി കണക്കാക്കിയിട്ടുള്ളതായും വിഴിഞ്ഞത്തെ ചരക്കുനീക്കത്തിൽ വലിയ സ്ഥിരതയും വർദ്ധനയും ഇത് ഉറപ്പാക്കുമെന്നും അദാനി പോർട്ട്സ് വ്യക്തമാക്കി. നിലവിൽ ഗുജറാത്തിലെ മുന്ദ്ര, തമിഴ്നാട്ടിലെ എന്നൂർ എന്നീ തുറമുഖങ്ങളിലും ഇരു കമ്പനികൾക്കും നിക്ഷേപ സഹകരണമുണ്ട്.
ഈ പുതിയ നിക്ഷേപത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വാർഷിക ചരക്കുനീക്ക ശേഷി നിലവിലുള്ള 16 ലക്ഷം ടി.ഇ.യുവിൽ (ട്വെൻ്റിഫുട് ഇക്വലന്റ് യൂണിറ്റ്) നിന്ന് 3.5 മടങ്ങ് വർദ്ധിച്ച് 57 ലക്ഷം ടി.ഇ.യുവിലേക്ക് ഉയരും. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന ഖ്യാതി ഇതിനകം വിഴിഞ്ഞം സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ തുറമുഖ അടിസ്ഥാനസൗകര്യ രംഗത്തെ ഈ റെക്കോർഡ് വിദേശ നിക്ഷേപത്തോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഏറ്റവും പ്രമുഖ ട്രാൻഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. ഇതോടെ കൊളംബോ തുറമുഖത്തിന്റെ പ്രാമുഖ്യം കുറയുകയും ബംഗ്ലാദേശ് മുതൽ ആഫ്രിക്ക വരെയുള്ള വ്യാപാരപാതയിൽ വിഴിഞ്ഞത്തിന്റെ സ്വാധീനം വലിയ തോതിൽ വർദ്ധിക്കുകയും ചെയ്യും. ബംഗ്ലാദേശിൽ നിന്നുള്ള എം.എസ്.സി കമ്പനിയുടെ ചരക്കുനീക്കം ഭൂരിഭാഗവും ഇനി വിഴിഞ്ഞം വഴിയാകും നടക്കുക. തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ കൂടുതൽ വിഹിതം നേടാനും കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തമാക്കാനും ഈ സഖ്യം വഴിയൊരുക്കും.
കഴിഞ്ഞ ആഴ്ചയാണ് വിഴിഞ്ഞം തുറമുഖം തങ്ങളുടെ ആയിരമത്തെ കപ്പലിനെ സ്വാഗതം ചെയ്തത്. ചുരുങ്ങിയ കാലയളവിനുള്ളിൽ 70-ലധികം അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളും 300 മീറ്ററിന് മുകളിലുള്ള 283 കപ്പലുകളും 16 മീറ്ററിലേറെ ആഴം ആവശ്യമായ 98 കപ്പലുകളും വിഴിഞ്ഞം വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്; ഇത് ഇന്ത്യൻ തുറമുഖങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്ത് സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ഇന്ത്യയുടെ ആദ്യത്തെ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ്. 18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴമുള്ളതിനാൽ ലോകത്തിലെ ഏറ്റവും ഭീമൻ കപ്പലുകളെപ്പോലും സുരക്ഷിതമായി സ്വീകരിക്കാൻ ഇവിടെ സാധിക്കും. 1970-ൽ ജനീവ ആസ്ഥാനമായി സ്ഥാപിതമായ എം.എസ്.സി ഗ്രൂപ്പിന് 900-ൽ അധികം കപ്പലുകളുള്ള ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് ഫ്ലീറ്റാണുള്ളത്. അവരുടെ ഉപവിഭാഗമായ ടി.ഐ.എൽ അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലധികം കണ്ടെയ്നർ ടെർമിനലുകൾ നിയന്ത്രിക്കുന്ന ആഗോള ഓപ്പറേറ്ററാണ്. വർഷം തോറും 7 കോടിയിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന ഇവരുടെ പങ്കാളിത്തം വിഴിഞ്ഞം തുറമുഖത്തെ ആഗോള വ്യാപാര ഭൂപടത്തിന്റെ നെറുകയിലെത്തിക്കുമെന്നുറപ്പാണ്.



