തമിഴ്നാട്ടിൽ വിജയ് ഭരണകൂടത്തിന്റെ കീഴിലുള്ള പുതിയ ടിവികെ (തമിഴക വെട്രി കഴകം) സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം പരമ്പരാഗത കീഴ്വഴക്കങ്ങൾ പാലിച്ച് ആരംഭിച്ചു. സഭയുടെ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്തും തുടർന്ന് ദേശീയഗാനവും ആലപിച്ചപ്പോൾ വന്ദേമാതരം ഒഴിവാക്കപ്പെട്ടു. സമ്മേളനത്തിന്റെ തുടക്കമായി പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തെ നേരിട്ട് ബാധിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ പുതിയ സർക്കാരിന്റെ കർശന നിലപാട് വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി വിമർശിച്ച ടിവികെ സർക്കാർ, പുതിയ ഡാം അനുവദിക്കില്ലെന്നും കേരളത്തിന്റെ ഇത്തരം ശ്രമങ്ങളെ പൂർണ്ണമായും തടയുമെന്നും നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ മുൻപുണ്ടായിരുന്ന ദ്രാവിഡ പാർട്ടികളുടെ അതേ നിലപാടിൽ തന്നെയായിരിക്കും തങ്ങളും മുന്നോട്ടുപോവുകയെന്ന് വിജയ് സർക്കാർ പ്രഖ്യാപിച്ചു.
ടിവികെ എന്നത് ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് വ്യക്തമാക്കിയ ഗവർണർ, തന്റെ പ്രസംഗത്തിൽ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ ദർശനങ്ങളെ പരാമർശിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകുമെന്ന പ്രഖ്യാപനത്തിനൊപ്പം മുൻ ഡിഎംകെ സർക്കാരിനെതിരെ കടുത്ത വിമർശനവും നയപ്രഖ്യാപനത്തിൽ ഉയർന്നു. മുൻ ഭരണകാലത്ത് സംസ്ഥാനത്ത് ലഹരിയൊഴുക്ക് തടയാൻ കഴിഞ്ഞില്ലെന്നും, ഇതാണ് തമിഴ്നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായതെന്നും സർക്കാർ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം ദ്വിഭാഷാ നയം തന്നെ തുടരുമെന്നും കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കിയ ഗവർണർ, ത്രിഭാഷാ നയത്തിന്റെ പേര് പറഞ്ഞ് കേന്ദ്ര വിഹിതങ്ങൾ തടഞ്ഞുവെക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്ന പുതിയ സർക്കാരിന്റെ രാഷ്ട്രീയ നിലപാടും സഭയിൽ വായിച്ചു.



