സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. വരും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പുതിയ നിർദേശം. കേസിൽ ഇന്ന് രാവിലെ 10.30-ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് വീണയ്ക്ക് നേരത്തെ സമൻസ് നൽകിയിരുന്നെങ്കിലും അവർ എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സാവകാശം വീണ ഇഡിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ സമയം അനുവദിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബുധനാഴ്ച തന്നെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി അടിയന്തരമായി രണ്ടാമത്തെ സമൻസ് അയച്ചത്. വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ ഒൻപത് പേർക്കാണ് ഇന്ന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നത്. ശശിധരൻ കർത്ത ഉൾപ്പെടെയുള്ള മറ്റ് എട്ട് പേരും വൈകാതെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം.
സിഎംആർഎല്ലിൽ നിന്ന് വീണ കൈപ്പറ്റിയ പണം ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായി കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കൂടാതെ, ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് വീണയ്ക്ക് ലക്ഷങ്ങളുടെ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവ് വിവരങ്ങളും ചോദ്യം ചെയ്യലിൽ അവർക്ക് വിശദീകരിക്കേണ്ടി വരും. നൽകാത്ത സേവനത്തിന്റെ പേരിൽ മറ്റ് കരാർ സ്ഥാപനങ്ങളെ അപേക്ഷിച്ച് വൻ തുകയാണ് എക്സാലോജിക് കൈപ്പറ്റിയതെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) കണ്ടെത്തലും വീണയ്ക്ക് വലിയ കുരുക്കായി മാറിയിട്ടുണ്ട്. എക്സാലോജിക്കുമായുള്ള കരാറിന് ശേഷം സമാനമായ ആവശ്യത്തിനായി അറ്റ്നാ ടെക്നോളജി എന്ന മറ്റൊരു സ്ഥാപനവുമായി സിഎംആർഎൽ ഉണ്ടാക്കിയ കരാറിലെ വിവരങ്ങളാണ് ഈ കേസിൽ ഇപ്പോൾ നിർണായക തെളിവായി മാറിയിരിക്കുന്നത്.



