കണ്ണൂർ ഇരിട്ടി വാണിയപ്പാറ പള്ളിയിലെ കല്ലറയുമായി ബന്ധപ്പെട്ട് ഉയർന്ന ദുരൂഹതകൾക്ക് ഒടുവിൽ ശാസ്ത്രീയ പരിശോധനയിലൂടെ വിരാമമായി. പള്ളിയുടെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. നേരത്തെ പായയിൽ പൊതിഞ്ഞ നിലയിൽ ദുരൂഹമായി കണ്ടത് 2015-ൽ സംസ്കരിച്ച ജെയിംസ് എന്നയാളെ അടക്കം ചെയ്ത പെട്ടി തന്നെയാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. ജൂൺ 13-ന് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോഴായിരുന്നു അവിടെ മൃതദേഹത്തിന് സമാനമായ വസ്തു കണ്ടതും ഇതേത്തുടർന്ന് വലിയ രീതിയിൽ ദുരൂഹതകൾ ഉയർന്നതും. ജെയിംസിനെ ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കം ചെയ്തതെന്നും പായയിൽ പൊതിഞ്ഞ നിലയിൽ ഇവിടെ ആരെയും സംസ്കരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സഹോദരങ്ങൾ വ്യക്തമാക്കിയതോടെയാണ് ആശങ്ക വർദ്ധിച്ചത്.
ഇതിനിടെ കല്ലറയിൽ കാണപ്പെട്ടത് 2014-ൽ കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയുടേതാകാമെന്ന് കുടുംബാംഗങ്ങൾ സംശയം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുകയും ചെയ്തതോടെയാണ് പൊലീസ് കല്ലറ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ദുരൂഹതകൾ ഒന്നുമില്ലെന്ന നിലപാടിലായിരുന്നു പൊലീസെങ്കിലും, ശാസ്ത്രീയ പരിശോധന വേണമെന്ന ഇടവക വികാരിയുടെയും സിജോയുടെ കുടുംബത്തിന്റെയും ശക്തമായ ആവശ്യത്തിനൊടുവിലാണ് കല്ലറ തുറന്നത്. എന്നാൽ മറിയാമ്മ, ജെയിംസ് എന്നിവരുടെ മൃതദേഹങ്ങൾ മാത്രമാണ് കല്ലറയിലുള്ളതെന്ന് വ്യക്തമായതോടെ ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്കും വലിയ വാർത്തകൾക്കുമാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.



