തൃശൂരിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്ട്ര വിപണിയിൽ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന രണ്ടരക്കിലോ ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ കുറ്റവാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘവും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് കാളമുറി പടിഞ്ഞാറ് പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പി പിടിയിലായത്. പ്രതിയുടെ കാളമുറിയിലുള്ള വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ കൃത്യമായ ഇടപെടലാണ് ഈ വൻ ലഹരിശേഖരം പിടികൂടാൻ സഹായിച്ചത്.
ലഹരിമരുന്ന് കേസിലകപ്പെട്ട അർജുൻ തമ്പി മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി. കയ്പമംഗലം, അന്തിക്കാട്, മതിലകം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസ്, നാല് വധശ്രമക്കേസുകൾ, ഒരു മോഷണക്കേസ്, അഞ്ച് അടിപിടിക്കേസുകൾ ഉൾപ്പെടെ ആകെ പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. മേഖലയിലെ ലഹരിമരുന്ന് ശൃംഖലയെക്കുറിച്ചും ഈ ലഹരിവസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



