തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ നീക്കങ്ങൾ തുടരുന്നതിനിടയിൽ അണ്ണാ ഡിഎംകെയിൽ വീണ്ടും വൻ ഭിന്നതയും കൂറുമാറ്റവും. പാർട്ടിയിലെ പ്രമുഖ നേതാവ് സി.വി. ഷൺമുഖം പക്ഷത്തുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ തങ്ങളുടെ പദവി രാജിവെച്ച് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെയിൽ (തമിഴക വെട്രി കഴകം) ചേർന്നു. മധുരാന്തകം എംഎൽഎ മരകതം കുമരവേൽ, താരാപുരം എംഎൽഎ സത്യഭാമ, പെരുന്തുറൈ എംഎൽഎ ജയകുമാർ എന്നിവരാണ് സ്പീക്കർ ജി.സി.ഡി. പ്രഭാകരന് രാജിക്കത്ത് നൽകിയ ശേഷം മന്ത്രി ആദവ് അർജുനയെ നേരിട്ട് കണ്ട് ടിവികെയിൽ അംഗത്വം സ്വീകരിച്ചത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ഷൺമുഖം ക്യാമ്പിലുണ്ടായിരുന്ന അഞ്ച് വിമത എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി (ഇപിഎസ്) പക്ഷത്തേക്ക് മടങ്ങിയെത്തിയത് അണ്ണാ ഡിഎംകെയിലെ ഔദ്യോഗിക വിഭാഗത്തിന് ആശ്വാസമായി. പന്റൂട്ടി എംഎൽഎ മോഹൻ, ആർക്കാട് എംഎൽഎ സുകുമാർ, കാങ്കേയം എംഎൽഎ എൻ.എസ്.എൻ. നടരാജൻ, ശങ്കരൻകോവിൽ എംഎൽഎ ദിലീപൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് ഇപിഎസ് ക്യാമ്പിലേക്ക് തിരികെയെത്തിയത്. ഇതോടെ മുൻപ് 25 എംഎൽഎമാരുടെ പിന്തുണയുമായി ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സി.വി. ഷൺമുഖം പക്ഷത്തെ എംഎൽഎമാരുടെ എണ്ണം 17 ആയി ചുരുങ്ങുകയും ഇപിഎസ് വിഭാഗത്തിന്റെ പിന്തുണ 27 എംഎൽഎമാരായി ഉയരുകയും ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ എംഎൽഎമാർ അണ്ണാ ഡിഎംകെയിൽ നിന്നും രാജിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
തമിഴ്നാട് നിയമസഭയിൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ ടിവികെയ്ക്ക് ആകെ 118 എംഎൽഎമാരുടെ പിന്തുണയാണ് ആവശ്യമുള്ളത്. നിലവിൽ 107 എംഎൽഎമാരുടെ സ്വന്തം ബലമുള്ള വിജയ്യുടെ പാർട്ടി, പരമാവധി അണ്ണാ ഡിഎംകെ എംഎൽഎമാരെ രാജിവെപ്പിച്ച ശേഷം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലൂടെ കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് ഉറപ്പാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. അതിനിടയിൽ, എസ്.പി. വേലുമണിയെ അണ്ണാ ഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.വി. ഷൺമുഖവും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും സ്പീക്കർക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ട്. ഈ കത്തിന്റെ കാര്യത്തിലുള്ള അന്തിമ തീരുമാനം നിയമസഭയിൽ വെച്ച് തന്നെ നേരിട്ട് പ്രഖ്യാപിക്കുമെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയോടെ രാഷ്ട്രീയ നീക്കങ്ങൾ കടുക്കുകയും അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമാവുകയും ചെയ്തതോടെ തമിഴക രാഷ്ട്രീയം ഇപ്പോൾ കലുഷിതമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.



