India Mirror News

ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റ്: കെ.പി.സി.സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്; ഡിജിറ്റൽ സെല്ലിന് നിയന്ത്രണം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റ്: കെ.പി.സി.സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്; ഡിജിറ്റൽ സെല്ലിന് നിയന്ത്രണം

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പോസ്റ്റിട്ട സംഭവത്തിൽ കെ.പി.സി.സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു കെ.പി.സി.സി എക്സ് അക്കൗണ്ടിൽ പരാമർശം പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ സഖ്യ നേതാക്കളെ കാണാൻ നിയമപ്രശ്നങ്ങളുള്ളതിനാൽ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിലുള്ള അമർഷത്തിലായിരുന്നു ‘സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങള്‍ കണ്ടെത്താം’ എന്ന കുറിപ്പ് പങ്കുവെച്ചത്. വിഷയം വിവാദമായതോടെ പോസ്റ്റ് ഉടനടി പിൻവലിക്കുകയും ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽ നിന്ന് മാറ്റിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിക്കുകയും ചെയ്തിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നും കേസിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും, സംഭവത്തിൽ സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

അതിനിടെ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ മീഡിയ സെല്ലിനെ നിയന്ത്രിക്കാൻ കർശന മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാൻ കെ.പി.സി.സി തീരുമാനിച്ചു. നിലവിൽ ചെയർമാനായിരുന്ന ഹൈബി ഈഡൻ ഏപ്രിലിൽ രാജിക്കത്ത് നൽകിയതിനെ തുടർന്ന് നാഥനില്ലാത്ത അവസ്ഥയിലാണ് ഡിജിറ്റൽ സെൽ പ്രവർത്തിച്ചിരുന്നത്. മുൻപ് ‘ബീഹാർ ബീഡി’ പരാമർശത്തിൽ വി.ടി. ബൽറാം ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു ഹൈബി ചുമതലയേറ്റത്. പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിലെഴുതുന്ന കുറിപ്പുകൾ മുൻകൂട്ടി പരിശോധിക്കാൻ ആളില്ലാത്തതും മുൻ കെ.എസ്.യു പ്രവർത്തകർ സ്വന്ത നിലയിൽ ട്വീറ്റുകൾ തയ്യാറാക്കുന്നതുമാണ് തിരിച്ചടിയായതെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. എ.ഐ.സി.സിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രതിഷേധങ്ങളുടെ പ്രതിച്ഛായയെത്തന്നെ ബാധിച്ച സംഭവത്തിൽ ഡിജിറ്റൽ സെല്ലിന് കൃത്യമായ പ്രവർത്തന ഫണ്ട് നൽകുന്നില്ലെന്ന പരാതിയും പാർട്ടിയിൽ ഉയരുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *