രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജന്തർ മന്തറിലെത്തി. നേതാക്കൾ സമരപന്തലിൽ പ്രവർത്തകർക്കൊപ്പമിരുന്ന് മുദ്രാവാക്യം വിളിക്കുകയും രാഹുൽ ഗാന്ധി പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങളായ ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർക്ക് പുറമെ കേരള മുഖ്യമന്ത്രിയും സമരത്തിൽ പങ്കാളികളായി. പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ട് കൈകൾ കെട്ടിയാണ് നേതാക്കളും പ്രവർത്തകരും പ്രതിഷേധിച്ചത്. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം, സി.ജെ.പി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് കസ്റ്റഡിയിലായ പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയായ മേദാന്തയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. വാങ്ചുക്കിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഭാര്യ ഗീതാഞ്ജലി ആംഗ്മോ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഏത് ആശുപത്രിയിലേക്ക് മാറ്റുന്നതിലും എതിർപ്പില്ലെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. കോടതി ഉത്തരവിൽ ഗീതാഞ്ജലി നന്ദി രേഖപ്പെടുത്തി.
ഇതിനിടെ സി.ജെ.പി മാർച്ചിലുണ്ടായ അക്രമസംഭവങ്ങളിൽ ഡൽഹി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 70 പേരെ കസ്റ്റഡിയിലെടുക്കുകയും പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഘർഷത്തിൽ സ്പെഷ്യൽ കമ്മീഷണർ, ഡി.സി.പിമാർ അടക്കം 5 ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസുകാർക്ക് പരിക്കേറ്റതായും ഇരുപതോളം സർക്കാർ വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തതായും പോലീസ് വ്യക്തമാക്കുന്നു.



