അറേബ്യൻ ഗൾഫിൽ ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (നഖിലത്) ‘അൽ മായേദ’ എന്ന എൽഎൻജി ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായ ഭാഷയിൽ അപലപിച്ചു. സമുദ്രമാർഗ്ഗമുള്ള ഗതാഗതത്തിനും ആഗോള ഊർജ്ജ വിതരണത്തിന്റെ സുരക്ഷയ്ക്കും കനത്ത ഭീഷണിയുയർത്തുന്ന ഈ ആക്രമണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സുപ്രധാന ജലപാതകളുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണിതെന്ന് വിശേഷിപ്പിച്ച യുഎഇ, ഖത്തറിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. വാണിജ്യ കപ്പലുകൾ, ഊർജ്ജ ടാങ്കറുകൾ, അവയിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സമുദ്രഗതാഗതത്തിലോ ഊർജ്ജ വിതരണത്തിലോ ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
അതേസമയം, വെള്ളിയാഴ്ച വൈകുന്നേരമാണ് ‘അൽ മായേദ’ ആക്രമണത്തിന് ഇരയായതെന്ന് ഖത്തർ ഗ്യാസ് ട്രാൻസ്‌പോർട്ട് കമ്പനിയായ നഖിലതിനെ ഉദ്ധരിച്ച് ഖത്തർ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം ആക്രമണത്തിൽ കപ്പലിലെ ജീവനക്കാർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പരിസ്ഥിതിക്ക് യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കപ്പൽ നിലവിൽ സുരക്ഷിതവും പ്രവർത്തനക്ഷമവുമാണ്. കപ്പലിലെ എല്ലാ സംവിധാനങ്ങളും പൂർണ്ണ നിയന്ത്രണത്തിലാണെന്നും ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് വിശദമായ വിലയിരുത്തലുകൾ നടന്നുവരികയാണെന്നും നഖിലത് അറിയിച്ചു. ഇതിനിടെ, ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്.



