India Mirror News

ബാരിക്കേഡ് കയറുകൾ ബ്ലേഡ് കൊണ്ട് അറുത്തു; എസ്എഫ്ഐ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ്

ബാരിക്കേഡ് കയറുകൾ ബ്ലേഡ് കൊണ്ട് അറുത്തു; എസ്എഫ്ഐ ഭാരവാഹികൾക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരത്ത് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡിന്റെ കയറുകൾ അറുത്തുമാറ്റിയെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയായിരുന്നു വിവാദ സംഭവം. പൊതുമുതലായ കയർ അറുത്തുമാറ്റിയതിലൂടെ പതിനായിരം രൂപയുടെ നഷ്ടം വരുത്തിയതായും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ ചെയ്യുമെന്ന് പറഞ്ഞ് പ്രവർത്തകർ ആക്ഷേപിച്ചതായും, ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചതായും എഫ്ഐആറിൽ പരാമർശിക്കുന്നു.

എസ്എഫ്ഐ സമരത്തിനിടെയുണ്ടായ ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സമരരംഗത്തേക്ക് ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് പൊലീസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാരിക്കേഡ് മുറിക്കാൻ പൊലീസ് തന്നെയാണ് ബ്ലേഡ് കൊണ്ടുവന്നതെന്ന തരത്തിലുള്ള ആരോപണങ്ങളെ തള്ളിയ ആഭ്യന്തര മന്ത്രി, ലാത്തിയും തോക്കുമുള്ള പൊലീസിന് എന്തിനാണ് ബ്ലേഡെന്നും ചോദ്യം ഉന്നയിച്ചു. അക്രമാസക്തമായ സമരമുറകൾക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *