തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച തൃശൂർ സ്വദേശിനി നവോമി വിൻസെന്റിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉപയോഗിക്കാൻ കഴിയില്ലെന്ന് കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷൻ) അറിയിച്ചു. നവോമിയുടെ ഹൃദയം മെഡിക്കലി അൺസ്യൂട്ടബിൾ (അനുയോജ്യമല്ല) ആയതിനാലാണ് ഈ തീരുമാനം. ഹൃദയത്തിന്റെ പ്രവർത്തനം വളരെ പരിമിതമായ അവസ്ഥയിലാണെന്ന് എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയതോടെ, മുൻപ് നിശ്ചയിച്ചിരുന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടപടികളിൽ നിന്ന് ആശുപത്രി അധികൃതർ പിന്മാറുകയായിരുന്നു. ഇതിനായി സജ്ജമാക്കിയിരുന്ന എയർ ആംബുലൻസ് സർവീസും ഇതോടെ പിൻവലിച്ചു. എന്നാൽ ഹൃദയം പൂർണ്ണമായി നൽകാനായില്ലെങ്കിലും നവോമിയുടെ ഹൃദയ വാൽവ് ദാനം ചെയ്യും. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയായിരിക്കും ഈ ഹൃദയ വാൽവ് സ്വീകരിക്കുക.
അതേസമയം, ഹൃദയമൊഴികെയുള്ള നവോമിയുടെ മറ്റ് അഞ്ച് പ്രധാന അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോവുകയാണ്. നവോമിയുടെ ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും, മറ്റൊരു കിഡ്നിയും കരളും തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കുമാണ് രോഗികൾക്കായി കൈമാറുന്നത്. ഈ മാസം 25-ന് പുലർച്ചെയായിരുന്നു നവോമിക്ക് ദാരുണമായ വാഹനാപകടം സംഭവിക്കുന്നത്. കവടിയാറിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി തൃശൂരിൽ നിന്ന് വരുന്ന വഴിക്ക് കൊട്ടാരക്കരയിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവോമി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഡോക്ടർമാർ നവോമിക്ക് ഔദ്യോഗികമായി മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ജീവൻ നഷ്ടപ്പെടുമ്പോഴും അവയവദാനത്തിലൂടെ മറ്റുള്ളവർക്ക് പുതുജീവൻ നൽകാൻ തയ്യാറായ നവോമിയുടെ കുടുംബത്തിന്റെ തീരുമാനം ഏറെ മാതൃകാപരമാണ്.



