ലിയോണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇതിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യതയില്ലെന്നും കായിക മന്ത്രി വ്യക്തമാക്കി. മുൻ മന്ത്രിക്കും സ്പോൺസർക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും ഭരണഘടനാ സ്ഥാനത്തിരുന്ന വ്യക്തി എന്ന നിലയിൽ മുൻ മന്ത്രിക്ക് ഉത്തരവാദിത്തം കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ വന്നത് പൂർണ്ണമായ റിപ്പോർട്ടല്ലെന്നും ധന-നിയമ വകുപ്പുകൾ ആഴത്തിലുള്ള തട്ടിപ്പ് അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സി.ബി.എസ്.ഇ തായ്ക്വൊണ്ടോ മത്സരത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ റഫറിയുടെ വീഴ്ചയാണെന്ന് കരുതുന്നതായും പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അദ്ദേഹം അറിയിച്ചു. കോമൺവെൽത്ത് വിജയികൾക്ക് പാരിതോഷികം നൽകുന്ന പ്രപ്പോസൽ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും യൂത്ത് കോൺഗ്രസ് പുനസംഘടന ഡിസംബറിലെ കാലാവധിക്ക് ശേഷമേ ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ, കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള കളരിപ്പയറ്റ് കേന്ദ്രവും മൂന്നാറിൽ ഹൈ ആൾട്ടിറ്റ്യൂഡ് സെന്ററും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര കായിക മന്ത്രിയുമായി നടത്തിയ ചർച്ച അനുകൂലമായിരുന്നുവെന്നും, കായിക മേഖല നവീകരിക്കാൻ ‘ഓപ്പറേഷൻ കളരി’ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



