തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും വിധിക്കെതിരെ അപ്പീലിന് പോകില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ കൗൺസിലർമാരുമായി ആലോചിച്ച് പുതിയ സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്ന് ട്വന്റിഫോറിനോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. നിയമത്തെയും കോടതിയെയും എപ്പോഴും ബഹുമാനിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും, ജയിലിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ വിഷയം ഭരണത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കിയ മേയർ, സുഗതനെ പുറത്തിറക്കാൻ നിയമപരമായ നീക്കം നടത്തുമെന്നും ജനപിന്തുണയോടെ ഭരണം നിലനിർത്തുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ മാസം 29-ന് കൗൺസിൽ യോഗം വിളിക്കുമെന്നും, മേയർ-ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ വീണ്ടും നടത്താൻ കോടതി ഉത്തരവിടാത്തതിനാൽ കേസ് കൊടുത്തവർക്കാണ് യഥാർത്ഥത്തിൽ തിരിച്ചടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലക്ടീവായ ഉദ്ദേശശുദ്ധിയോടെയാണ് കേസ് നൽകിയതെന്നും, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മറ്റ് കൗൺസിലർമാരുടെ രേഖകൾ പരിശോധിച്ച് നിയമവശം നോക്കുമെങ്കിലും പ്രതിപക്ഷ കൗൺസിലർമാർ പ്രതിസന്ധിയിലാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു.
അതേസമയം, ബിജെപി കൗൺസിലർമാർ ഇരുപതോളം ദൈവങ്ങളുടെ പേര് പറഞ്ഞ് നിയമലംഘനം നടത്തുകയും ഗണഗീതം പാടി സത്യപ്രതിജ്ഞാ ചടങ്ങ് വർഗ്ഗീയ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയും ചെയ്തുവെന്ന് ഹർജിക്കാരനായ എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു. തിരുവനന്തപുരം നഗരസഭയെ ആർഎസ്എസ് കാര്യാലയമാക്കി മാറ്റിയ ബിജെപി കൗൺസിലർമാർ രാജ്യത്തിന്റെ മതനിരപേക്ഷത തകർത്തുവെന്നും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ. സുഗതനെ മേയർ ഉൾപ്പെടെയുള്ളവർ സംരക്ഷിക്കുകയാണെന്നും കഴിഞ്ഞ 45 ദിവസമായി നഗരസഭാ കൗൺസിൽ യോഗം പോലും ചേർന്നിട്ടില്ലെന്നും ദീപക് മാധ്യമങ്ങളോട് കുറ്റപ്പെടുത്തി.



