തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാർക്ക് മികച്ച സേവനങ്ങളും ശുചിത്വവുമുള്ള അന്തരീക്ഷവും ഉറപ്പാക്കുന്നതിനുമായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി. ഡിപ്പോകളിലെ കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതടക്കമുള്ള ലക്ഷ്യങ്ങളോടെ കെഎസ്ആർടിസി സമർപ്പിച്ച കരട് ബൈലോയും പ്രൊപ്പോസലും വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ (സിഎംഡി) നാമനിർദ്ദേശം ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെക്കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന പ്രത്യേക നിബന്ധനയോടെയാണ് നിയമാവലിക്ക് സർക്കാർ അന്തിമ അംഗീകാരം നൽകിയത്.
പ്രാദേശിക എംഎൽഎ അധ്യക്ഷനാകുന്ന ഈ വികേന്ദ്രീകൃത കമ്മിറ്റിയിൽ പ്രാദേശിക ലോക്സഭാംഗം അല്ലെങ്കിൽ അദ്ദേഹം രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷൻ (പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, അല്ലെങ്കിൽ കോർപ്പറേഷൻ മേയർ), ബന്ധപ്പെട്ട വാർഡ് മെമ്പർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ, സിഎംഡി നിശ്ചയിക്കുന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥൻ എന്നിവർ അംഗങ്ങളായിരിക്കും. എംഎൽഎയുടെ അഭാവത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷനായിരിക്കും യോഗങ്ങളിൽ അധ്യക്ഷത വഹിക്കുക. കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ കൺവീനറായി പ്രവർത്തിക്കുന്ന ഈ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഷെഡ്യൂൾഡ് ബാങ്കിൽ കൺവീനറുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിൽ പ്രത്യേക അക്കൗണ്ട് ആരംഭിക്കും. പൊതുജനങ്ങളിൽ നിന്നുള്ള പണമിടപാടുകൾ, ഫർണിച്ചർ അടക്കമുള്ള സംഭാവനകൾ, സ്പോൺസർഷിപ്പുകൾ, കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ എന്നിവ കമ്മിറ്റിക്ക് സ്വീകരിക്കാവുന്നതാണ്. കോർപ്പറേഷൻ കൃത്യസമയങ്ങളിൽ അനുവദിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഡിപ്പോകളിലെ നിർമ്മാണ, അറ്റകുറ്റപ്പണികൾ നേരിട്ട് ഏറ്റെടുത്ത് നടത്താൻ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഈ പ്രവർത്തനങ്ങളുടെ വരവുചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും അവ ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുൻപാകെ സമർപ്പിക്കുകയും വേണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



