താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും പൊട്ടിത്തെറിയും കൂടുതൽ ശക്തമാക്കിക്കൊണ്ട് മുതിർന്ന നടി മല്ലിക സുകുമാരനും സംഘടനയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ വലിയ തർക്കങ്ങൾക്ക് പിന്നാലെ ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയത്. ‘സ്നേഹപൂർവ്വം പടിയിറങ്ങുന്നു… അമ്മയിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്ക്കൊപ്പം’ എന്ന് മാത്രമാണ് മല്ലിക സുകുമാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഈ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളുമായി എത്തുന്നത്. ശ്വേതയല്ല, മറിച്ച് സംഘടനയുടെ ജനറൽ സെക്രട്ടറിയും ട്രഷററുമാണ് യഥാർത്ഥത്തിൽ രാജിവെക്കേണ്ടിയിരുന്നത് എന്ന് കഴിഞ്ഞ ദിവസം മല്ലിക മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മല്ലിക സുകുമാരന്റെ രാജിക്ക് പിന്നാലെ ‘അമ്മ’യുടെ താൽക്കാലിക ഭരണസംവിധാനമായ അഡ്ഹോക്ക് കമ്മിറ്റിയിലും വിള്ളലുകൾ വീണിരിക്കുകയാണ്. അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് പിന്മാറിയതായി പ്രഖ്യാപിച്ചു. മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ സജീവ അംഗമായിരുന്നു ആശ അരവിന്ദ്. സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ രൂപീകരിച്ച താൽക്കാലിക സമിതിയിൽ നിന്ന് കൂടിയുള്ള ഈ പിന്മാറ്റം സംഘടനയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വനിതാ നേതാക്കളുടെ കൂട്ടരാജിയും പരസ്യപ്രതികരണങ്ങളും മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.



