സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി. ഉദ്യോഗാർത്ഥികൾ ആരംഭിച്ച സമരം 29-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി സെക്രട്ടറി എസ്. വളർമതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു. വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം പൂർത്തിയായിട്ടും ഭൂരിഭാഗം പേർക്കും നിയമനം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. അഞ്ച് ജില്ലകളിൽ ഒന്നാം റാങ്കുകാർക്ക് പോലും ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല.
സമരം ഒരു മാസത്തോടടുക്കുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ചു. പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി പുനർനിർണ്ണയിച്ചാൽ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ സാധിക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു. വിഷയം പഠിച്ച് പരിഹരിക്കാൻ രണ്ടുമാസത്തെ സാവകാശം വേണമെന്നാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.



