India Mirror News

ലൈറ്റ് മെട്രോയും നോളജ് വാലിയുമുൾപ്പെടെ വൻ വികസന പ്രഖ്യാപനങ്ങളുമായി ബജറ്റ്

ലൈറ്റ് മെട്രോയും നോളജ് വാലിയുമുൾപ്പെടെ വൻ വികസന പ്രഖ്യാപനങ്ങളുമായി ബജറ്റ്

യുഡിഎഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ എക്സൈസ് വകുപ്പിന്റെ നവീകരണത്തിനും സ്ത്രീ-ശിശു സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ‘തൂഫാൻ ദി നാർകോ ഹണ്ട്’ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചു. എക്സൈസ് വകുപ്പിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 23.31 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പുതിയ കാലത്തെ സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള പുതുതലമുറ ലഹരിവസ്തുക്കൾ വളരെ വേഗത്തിൽ തിരിച്ചറിയുന്നതിനായി സംസ്ഥാനത്തെ എല്ലാ എക്സൈസ് ഓഫീസുകളിലും അത്യാധുനിക ‘ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ’ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ കർശനമായ നടപടികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ‘മകൾക്കൊപ്പം’ എന്ന പേരിൽ പുതിയൊരു സുരക്ഷാ പദ്ധതിക്ക് സർക്കാർ തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്.എച്ച്.ഓ) വനിതകളെ നിയമിക്കും. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് സർക്കാർ യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്നും (സീറോ ടോളറൻസ്) കുട്ടികളെ അപമാനിക്കുന്നവർക്കെതിരെ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ പൊതുജനങ്ങൾക്ക് ഭയമില്ലാതെ റിപ്പോർട്ട് ചെയ്യുന്നതിനായി പൂർണ്ണമായും രഹസ്യസ്വഭാവം സൂക്ഷിക്കുന്ന പ്രത്യേക ഓൺലൈൻ പോർട്ടൽ സജ്ജമാക്കും.

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഒട്ടനവധി വൻകിട പ്രഖ്യാപനങ്ങളോടെയാണ് യുഡിഎഫ് സർക്കാരിന്റെ ഈ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുടെ പുനരുജ്ജീവനം, തീരദേശ-തുറമുഖ വികസനം ലക്ഷ്യമിട്ടുള്ള സ്വപ്നപദ്ധതിയായ ‘മിഷൻ സമുദ്ര’, ധാതുമേഖലയിലെ സ്വകാര്യ നിക്ഷേപ സമാഹരണം, വ്യോമയാന മേഖലയ്ക്കായി ‘ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബ്’ എന്നിവ ബജറ്റിലെ പ്രധാന ആകർഷണങ്ങളാണ്. ഇതുകൂടാതെ ആഗോള തൊഴിൽ സാധ്യതകൾ ഏകോപിപ്പിക്കാൻ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’, നിർധനരായ കുട്ടികളുടെ ചികിത്സയ്ക്കായി ‘വൺ കേരള കരുതൽ മിഷൻ’, ഉന്നതവിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ‘കേരള നോളജ് വാലി’, സംസ്ഥാനത്തെ സ്വർണ്ണ വിനിമയ കേന്ദ്രമാക്കാൻ ‘കേരള ഗോൾഡ് ഹബ്ബ്’ തുടങ്ങി എല്ലാ മേഖലകളെയും സ്പർശിക്കുന്ന വിപ്ലവകരമായ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *