സോഷ്യൽ മീഡിയ ദുരുപയോഗവുമായി ബന്ധപ്പെട്ട വിവിധ സ്റ്റേറ്റ് സെക്യൂരിറ്റി കേസുകളിൽ കടുത്ത ശിക്ഷാവിധികളുമായി കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ടെററിസം ക്രൈംസ് കോടതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അമീറിനെ അപമാനിച്ചെന്ന കേസിൽ പ്രമുഖ വ്യക്തിത്വമായ തലാൽ അൽ ദബ്ബൂസിന് അഞ്ച് വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. ഈ ശിക്ഷ ഉടൻ നടപ്പാക്കാനും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അമീറിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് വ്യത്യസ്ത കേസുകളിൽ പ്രതികളായ രണ്ടുപേർക്ക് യഥാക്രമം അഞ്ചു വർഷവും രണ്ടു വർഷവും വീതം കഠിനതടവ് ശിക്ഷ ലഭിച്ചു.
വ്യാജവാർത്തകൾ പ്രചരിപ്പിച്ച കേസിൽ ലുൽവ അൽ ഹുസൈനാൻ, മൻസൂർ അൽ മുഹാരിബ് എന്നിവർക്ക് അഞ്ച് വർഷം വീതം കഠിനതടവ് വിധിച്ച കോടതി, വിവാദപരമായ വീഡിയോ ഓൺലൈനിൽ നിന്ന് പൂർണ്ണമായി നീക്കം ചെയ്യാനും ഉത്തരവിട്ടു. സോഷ്യൽ മീഡിയ വഴി വിഭാഗീയ സംഘർഷങ്ങൾക്ക് തിരികൊളുത്താൻ ശ്രമിച്ച കുവൈത്ത് പൗരന് മൂന്ന് വർഷത്തെ കഠിനതടവാണ് ശിക്ഷ നൽകിയത്. അതേസമയം മഹ്മൂദ് അൽ ഫൈലക്കാവിക്കെതിരായ കേസ് പരിഗണിക്കാൻ തങ്ങൾക്ക് അധികാരപരിധിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു കേസിൽ ആരോപണവിധേയനായ അഭിഭാഷകനെ ഒരു കുറ്റത്തിൽ നിന്ന് വെറുതെവിട്ട കോടതി, രണ്ടാമത്തെ കുറ്റത്തിൽ തടവുശിക്ഷ നൽകാതെ 5,000 ദിനാർ കെട്ടിവെച്ച് രണ്ട് വർഷത്തേക്ക് നല്ലനടപ്പ് പാലിക്കണമെന്ന വ്യവസ്ഥയിൽ മോചിപ്പിച്ചു.



