India Mirror News

കുവൈത്തിൽ ഏഴായിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു

കുവൈത്തിൽ ഏഴായിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു

കുവൈത്തിൽ 7,000ത്തിലധികം പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. വിവിധ വിഷയങ്ങളിലായി നിലവിലുള്ള 33,268 അധിക തസ്തികകൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അറബ്, ഇതര രാജ്യക്കാരായ 7,019 അധ്യാപകരെയാണ് ഒഴിവാക്കുന്നത്. ഇതിൽ 1,551 പുരുഷ അധ്യാപകരും 5,468 വനിതാ അധ്യാപകരും ഉൾപ്പെടുന്നു. ഈ നടപടിയിലൂടെ ശമ്പള ഇനത്തിൽ പ്രതിവർഷം നാലരക്കോടിയോളം കുവൈത്തി ദിനാർ (ഏകദേശം 4.2 കോടി) ലാഭിക്കാനാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. പിരിച്ചുവിടൽ സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ ‘സാഹെൽ’ ആപ്ലിക്കേഷൻ വഴി അധ്യാപകരെ അറിയിക്കും. ഇവരുടെ തൊഴിൽപരമായ കുടിശ്ശികകളും മറ്റ് നിയമപരമായ ആനുകൂല്യങ്ങളും പൂർണ്ണമായി നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദേശപ്രകാരം സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം യഥാർത്ഥ ആവശ്യകതയ്ക്ക് അനുസൃതമായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കായിക വിദ്യാഭ്യാസം, ഇസ്ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ അധിക അധ്യാപകരുള്ളതെന്നും സർവീസിലെ സീനിയോറിറ്റി പരിഗണിച്ചാണ് ഒഴിവാക്കേണ്ടവരെ തെരഞ്ഞെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഇത് എല്ലാ വിഷയങ്ങൾക്കുമുള്ള പൊതുവായ വെട്ടിച്ചുരുക്കലല്ലെന്നും, അധ്യാപക ക്ഷാമമുള്ള പ്രത്യേക വിഷയങ്ങളിൽ ആവശ്യമെങ്കിൽ പുതിയ നിയമനങ്ങൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *