എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കെ.എസ്.ആർ.ടി.സിയുടെ എ.ഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ കാലഘട്ടത്തിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് മുന്നോട്ടു പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ധനകാര്യ വകുപ്പിന്റെ സഹായത്തോടെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുമെന്നും ജീവനക്കാരുടെ ശമ്പളവും പെൻഷനും ഒന്നാം തീയതി തന്നെ വിതരണം ചെയ്യുന്ന രീതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് പുതിയ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. 9447071021 എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാൽ പ്രത്യേക ആപ്പോ രജിസ്ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് എടുക്കാം. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തെരഞ്ഞെടുക്കാനും സുരക്ഷിതമായി ഓൺലൈൻ പേയ്‌മെന്റ് നടത്താനും ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയാകുന്നതോടെ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും അതേ ചാറ്റിൽ തന്നെ ലഭ്യമാകും. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും വേഗത്തിൽ യാത്ര ഉറപ്പാക്കാനും ഈ പുതിയ സംവിധാനം സഹായിക്കും.



