തിരുവനന്തപുരം വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനാറുകാരിയെയാണ് പ്രണയപ്പകയെ തുടർന്ന് യുവാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. നെടുമങ്ങാട് പനവൂർ സ്വദേശിയായ ഫഹദ് (സഹദ്) എന്ന യുവാവാണ് പെൺകുട്ടിയുടെ പ്രണയനിരസത്തെ തുടർന്ന് ഈ ദാരുണമായ അക്രമം നടത്തിയത്. കന്യാകുളങ്ങരയിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും പെൺകുട്ടി പുറത്തിറങ്ങിയ സമയത്താണ് പ്രതി അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ മുഖത്തും കഴുത്തിനും നേരെയാണ് കത്തിക്കയറിയത്. കഴുത്തിന് പിന്നിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്ന് അക്രമം കണ്ടുനിന്ന നാട്ടുകാർ വ്യക്തമാക്കുന്നു.
ആക്രമണത്തിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടനടി നാട്ടുകാർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ കുട്ടി അവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ വട്ടപ്പാറ പോലീസ് അടിയന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടന്ന പ്രദേശത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഒളിവിൽ പോയ പ്രതി ഫഹദിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.



