സംസ്ഥാനത്തെ നിലവിലെ മഴ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. ഇതിന്റെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് യാതൊരുവിധ വിലക്കുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



