കേരളത്തിലെ വൈദ്യുതി ഉപയോഗം സകല റെക്കോർഡുകളും തകർത്ത് സർവ്വകാല പരിധി പിന്നിട്ടിരിക്കുന്നു. പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റായി ഉയർന്നതോടെ സംസ്ഥാനം കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റെന്ന റെക്കോർഡാണ് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പഴങ്കഥയായത്. ആഭ്യന്തര ഉത്പാദനം തികയാതെ വന്നതോടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിലും സംസ്ഥാനം റെക്കോർഡ് ഇട്ടു; 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മാത്രം വാങ്ങേണ്ടി വന്നത്. കടുത്ത ചൂടിൽ ഫാനുകളുടെയും എസികളുടെയും ഉപയോഗം വർദ്ധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
നിലവിലെ സാഹചര്യം നേരിടാൻ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നീളുന്ന നിയന്ത്രണങ്ങളാണ് കെഎസ്ഇബി ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിൽ രാത്രികാലങ്ങളിൽ വൈദ്യുതി ക്രമീകരണം നടത്തുമ്പോഴും വരുംദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. പുറത്തുനിന്ന് 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയെങ്കിലും പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി ലഭ്യമല്ലെന്നത് ബോർഡിനെ കുഴക്കുന്നുണ്ട്. വൈദ്യുതി ലഭ്യത കുറയുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ബോർഡ് ആലോചിക്കുന്നുണ്ട്.



