അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരിമരുന്ന് മാഫിയകൾക്കെതിരെയും പുതുതലമുറയുടെ വഴിതെറ്റലുകൾക്കെതിരെയും ശക്തമായ പ്രതികരണവുമായി നടൻ കണ്ണൻ സാഗർ രംഗത്തെത്തി. ലഹരിയുടെ ഉപയോഗം അരുതെന്ന് ഉപദേശിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ എന്നും എന്നാൽ അതിന്റെ വ്യാപ്തി ഇന്ന് സമൂഹത്തിൽ ഭയപ്പെടുത്തുന്ന രീതിയിൽ പടർന്നു പന്തലിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ ഒരിക്കലും ലഹരിയെ പ്രോത്സാഹിപ്പിക്കുകയോ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയോ സ്വന്തമായി ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഓരോരുത്തരും വ്യക്തിപരമായി ശപഥം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കണ്ണൻ സാഗർ വ്യക്തമാക്കുന്നു.
ഇപ്പോഴത്തെ തലമുറ ലഹരിയെ തെറ്റായ രീതിയിലാണ് മനസ്സിലാക്കിയിരിക്കുന്നത്. വിഷാദം, ഒറ്റപ്പെടൽ, വാശി, വെറുപ്പ്, മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഏറ്റവും നല്ല പ്രതിവിധി ലഹരി ഉപയോഗമാണെന്ന് വിശ്വസിപ്പിക്കാൻ ഒരു വലിയ മാഫിയ തന്നെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ഈ അദൃശ്യ ശക്തികൾ ചെറുപ്രായം മുതലേ കുട്ടികളെ ഇതിലേക്ക് ആകർഷിക്കാൻ പദ്ധതികൾ മെനയുന്നു. ആദ്യം പാവപ്പെട്ട കുട്ടികളെ വലയിലാക്കുന്ന ഇവർ പിന്നീട് പണമുള്ള കുടുംബങ്ങളിലെ കുട്ടികളിലേക്കും ഈ വലയങ്ങൾ വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. ലഹരിക്ക് അടിമപ്പെടുന്നവർ നാടിനും വീടിനും ഒരുപോലെ ബാധ്യതയും ശല്യവുമായി മാറുമെന്നും, ഇവരെ തിരുത്താൻ ശ്രമിച്ചാൽ കൊടുവാളുകളുമായി അക്രമിക്കാൻ മുതിരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ലഹരി കേസുകളിൽ ഒരിക്കൽ പെട്ടുപോയാൽ ജീവിതകാലം മുഴുവൻ കോടതിയും ജയിലും കയറിയിറങ്ങേണ്ടി വരുന്ന കടുത്ത യാഥാർത്ഥ്യം പുതുതലമുറ തിരിച്ചറിയണമെന്നും കണ്ണൻ സാഗർ ഓർമ്മിപ്പിച്ചു.



