India Mirror News

ശബരിമല വ്യാജ പർച്ചേസ് വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമല വ്യാജ പർച്ചേസ് വിവാദം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമലയിലെ വ്യാജ പർച്ചേസ് വിവാദത്തിലും നെയ്യിൽ തിരിമറി നടന്നെന്ന ആരോപണത്തിലും കർശന പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ശബരിമലയിലേക്ക് കൊണ്ടുപോകേണ്ടത് പരിശുദ്ധമായ നെയ്യാണെന്നും എന്നാൽ വാങ്ങിയ നെയ്യല്ല സന്നിധാനത്ത് എത്തിയതെന്നും വ്യക്തമാക്കിയ അദ്ദേഹം, പമ്പയിൽ വച്ച് ഇതിൽ തിരിമറി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. നെയ്യിൽ ചേർത്ത വസ്തുക്കൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കും. ദേവസ്വം അക്കൗണ്ട്സ് മേധാവിക്കെതിരായ ക്രമക്കേട് ആരോപണത്തിൽ ഫയലുകൾ കടത്താതിരിക്കാൻ ദേവസ്വം വിജിലൻസ് എസ്.പിയെ വിളിച്ചുവരുത്തി എല്ലാ രേഖകളും സുരക്ഷിതമായി സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

അതോടൊപ്പം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളെ ആരും ഗൗരവമായി എടുക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി, കഴിച്ച ഭക്ഷണത്തിന്റെ കണക്ക് പറയുന്നത് ശരിയല്ലെന്നും സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിൽ തെറ്റില്ലെന്നും കൂട്ടിച്ചേർത്തു. പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നിട്ടില്ലെന്നും ഇത്തരം ചീപ്പ് കളികൾ നേതാക്കൾ തന്നെ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ മേലധികാരികൾ പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിൽ അടുത്തിടെ എടുത്ത നടപടികൾ ഇതിന് ഉദാഹരണമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *