India Mirror News

വ്യക്തിവിവരങ്ങൾ വ്യാപകമായി ചോർന്നു: രാജ്യവ്യാപകമായി സൈബർ സുരക്ഷാ മുന്നറിയിപ്പുമായി ജപ്പാൻ

വ്യക്തിവിവരങ്ങൾ വ്യാപകമായി ചോർന്നു: രാജ്യവ്യാപകമായി സൈബർ സുരക്ഷാ മുന്നറിയിപ്പുമായി ജപ്പാൻ

ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി സൈബർ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻ സർക്കാർ. പ്രമുഖ കമ്പനികളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളും സ്ഥാപനങ്ങളും സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നിർദേശം നൽകി. ലോസൺ, ദൈവ സെക്യൂരിറ്റീസ്, ബുക്ക്ഓഫ് തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ വിവരചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൈംസ് കാർ പങ്കിടൽ സേവനത്തിനെതിരായ ആക്രമണത്തിൽ മാത്രം ഏകദേശം 66 ലക്ഷം ഉപഭോക്തൃ അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തായതായാണ് കണക്ക്. ആക്രമണങ്ങൾ കൂടുതൽ സങ്കീർണവും ശക്തവുമാകുന്നത് ജനജീവിതത്തെയും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഡിജിറ്റൽ പരിവർത്തന മന്ത്രി തോഷിഹിറോ ഫുരുകാവ വ്യക്തമാക്കി. ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് പ്രതിരോധം ഉറപ്പാക്കാനും പ്രാദേശിക ഭരണകൂടങ്ങൾക്കും കമ്പനികൾക്കും നിർദേശങ്ങൾ കൈമാറാനും ദേശീയ സൈബർ സുരക്ഷാ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യോമിയുരി പത്രവും ട്രെൻഡ് മൈക്രോയും നടത്തിയ പഠനമനുസരിച്ച് ജപ്പാനിൽ ഈ വർഷം ഇതിനകം അഞ്ഞൂറിലധികം സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. സെപ്റ്റംബറിൽ മാത്രം 86 സംഭവങ്ങൾ രേഖപ്പെടുത്തിയത് ആക്രമണങ്ങളുടെ നിരക്കിൽ വൻ വർധനവാണ് കാണിക്കുന്നത്. ഡ്രൈവിങ് ലൈസൻസ്, വ്യക്തിഗത വിവരങ്ങൾ എന്നിവ ചോരുന്നത് ആൾമാറാട്ടം, വ്യാജ പണമിടപാടുകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് വഴിവെക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു. ഒരേ പാസ്‌വേഡ് പല അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാനും മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനം സജീവമാക്കാനും നിർദേശമുണ്ട്. നിർമിതബുദ്ധിയുടെ സഹായത്തോടെ സുരക്ഷാ പിഴവുകൾ കണ്ടെത്തി ഹാക്കർമാർ ആക്രമണങ്ങളുടെ തീവ്രത കൂട്ടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജപ്പാന് പുറമെ ദക്ഷിണ കൊറിയയിലും സൈബർ ഭീഷണി രൂക്ഷമാണ്. അവിടെ ബാങ്കുകളും മറ്റ് പ്രധാന സ്ഥാപനങ്ങളും ഉൾപ്പെടെ എ.ഐ അധിഷ്ഠിത ആക്രമണങ്ങളെ ഭയന്ന് പരിശോധനകൾ നടത്തിവരികയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *