ശക്തമായ ഭൂകമ്പം കടുത്ത നാശം വിതച്ച വെനസ്വേലയ്ക്ക് അടിയന്തിര രക്ഷാപ്രവർത്തന സാമഗ്രികളും മെഡിക്കൽ സംഘവുമായി ഇന്ത്യയുടെ സഹായഹസ്തം. ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ 35 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വെനസ്വേലയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ദുരന്തബാധിതരെ സഹായിക്കാനായി ഇന്ത്യൻ കരസേനയുടെ പ്രത്യേക ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഈ സംഘത്തോടൊപ്പമുണ്ട്. സ്പാനിഷ് ഭാഷയിൽ സൗഹൃദം എന്ന് അർത്ഥം വരുന്ന ‘അമിസ്റ്റാഡ്’ എന്ന പേരിൽ നടത്തുന്ന ഈ ദൗത്യത്തിലൂടെ, വെനസ്വേല നേരിടുന്ന ഈ കഠിനമായ സാഹചര്യത്തിൽ അവിടുത്തെ സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കാൻ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തന്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ വെനസ്വേല കണ്ട ഏറ്റവും ഭീകരമായ ഈ ഭൂദുരന്തത്തിൽ ഇതിനകം തന്നെ 188 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് രാജ്യത്തെ നടുക്കിയ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിച്ചർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഈ ആദ്യ ആഘാതത്തിന് പിന്നാലെ വെറും 40 സെക്കൻഡുകൾക്കുള്ളിൽ 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പവും ഉണ്ടാവുകയായിരുന്നു. ഭൂകമ്പത്തെത്തുടർന്ന് സിമോൺ ബോളിവർ അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണമായി അടയ്ക്കുകയും ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയുണ്ടായി. നിലവിൽ തുറമുഖ നഗരമായ ലാഗയ്റയിലാണ് ഏറ്റവും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഇരുന്നൂറ്റമ്പതിലധികം കെട്ടിടങ്ങൾ തകർന്നടിയുകയും ഇരുനൂറിലേറെ ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. കാണാതായ 157 പേർക്കായുള്ള തിരച്ചിലും 1500-ലധികം പരിക്കേറ്റവർക്കുള്ള ചികിത്സയും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുമ്പോഴും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകൾ.



