India Mirror News

ഇന്ത്യ സഖ്യത്തിന് വൻ തിരിച്ചടി; പ്രതിപക്ഷ നിരയിലെ കരുത്തരുടെ പതനം

ഇന്ത്യ സഖ്യത്തിന് വൻ തിരിച്ചടി; പ്രതിപക്ഷ നിരയിലെ കരുത്തരുടെ പതനം

നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ദേശീയ തലത്തിലെ പ്രതിപക്ഷ നിരയായ ഇന്ത്യ സഖ്യത്തിന് കനത്ത ആഘാതമേൽപ്പിച്ച് പ്രമുഖ നേതാക്കളുടെ വീഴ്ച. സഖ്യത്തിലെ കരുത്തരായ മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ എന്നിവരുടെ പരാജയം സഖ്യത്തിന്റെ ഭാവിയെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. കേരളത്തിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടമായതോടെ ദേശീയ രാഷ്ട്രീയത്തിൽ ഇടത് സ്വാധീനം തീർത്തും ദുർബലമായി. ഇന്ത്യ സഖ്യത്തിന് പേര് നിർദ്ദേശിച്ച മമത ബാനർജിക്ക് നിയമസഭയിലേക്ക് പോലും വിജയിക്കാൻ കഴിയാത്തത് സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും. എന്നാൽ തന്റെ പരാജയത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മമത.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോരാട്ടത്തിൽ എന്നും മുൻപന്തിയിലുണ്ടായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പതനവും പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം വഴി ഇന്ത്യ സഖ്യത്തെ ഒന്നിപ്പിച്ചു നിർത്തിയതിൽ സ്റ്റാലിൻ വലിയ പങ്കുവഹിച്ചിരുന്നു. തമിഴ്‌നാട്ടിൽ ഡിഎംകെ വിട്ട് വിജയ്യുടെ ടിവികെയ്ക്കൊപ്പം ചേരണമെന്ന് കോൺഗ്രസ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടും രാഹുൽ ഗാന്ധിയുടെ നിർബന്ധപ്രകാരമാണ് ഡിഎംകെ സഖ്യം തുടർന്നത്. അധികാരം നഷ്ടമായെങ്കിലും മമതയും സ്റ്റാലിനും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടരാനാണ് സാധ്യത. അതേസമയം, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ പിണറായി വിജയന്റെ അടുത്ത നീക്കമെന്താണെന്ന് വ്യക്തമല്ല. അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി. അല്ലാത്തപക്ഷം ഇടതുപക്ഷത്ത് പുതിയൊരു നേതൃനിര ഉയർന്നു വരേണ്ടി വരും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *