India Mirror News

സിപിഐഎമ്മിലും സിപിഐയിലും നേതൃമാറ്റത്തിന് മുറവിളി; അണികളുടെ കത്ത് പ്രവാഹം

സിപിഐഎമ്മിലും സിപിഐയിലും നേതൃമാറ്റത്തിന് മുറവിളി; അണികളുടെ കത്ത് പ്രവാഹം

നിയമസഭാ തിരഞ്ഞെടുപ്പിലെ ദാരുണമായ പരാജയത്തിന് പിന്നാലെ സിപിഐഎമ്മിലും സിപിഐയിലും നേതൃമാറ്റത്തിനായുള്ള മുറവിളി ശക്തമാകുന്നു. തോൽവിയുടെ കാരണങ്ങൾ ഇ-മെയിൽ വഴി നേതൃത്വത്തെ അറിയിക്കണമെന്ന പി. ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെ അണികളിൽ നിന്നും പ്രാദേശിക നേതാക്കളിൽ നിന്നും നേതൃത്വത്തിനെതിരെ കത്ത് പ്രവാഹമാണ് ഉണ്ടാകുന്നത്. പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ഈ തിരഞ്ഞെടുപ്പ് മാറുമ്പോൾ, മുൻപ് ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ടപ്പോൾ നൽകിയ തിരുത്തൽ വാഗ്ദാനങ്ങൾ വെറും പ്രഖ്യാപനങ്ങളായി ഒതുങ്ങിയെന്നാണ് അണികളുടെ പ്രധാന വിമർശനം. പിണറായി വിജയനും എം.വി. ഗോവിന്ദനും പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും, പാർലമെന്ററി-സംഘടനാ തലങ്ങളിൽ അടിയന്തരമായ അഴിച്ചുപണി വേണമെന്നുമുള്ള കർശനമായ നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. അസാധാരണമായ ഈ തകർച്ചയെ നേരിടാൻ അസാധാരണമായ തിരുത്തൽ നടപടികൾ തന്നെ വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തിപ്പെടുകയാണ്.

ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയിലും സമാനമായ ആഭ്യന്തര കലഹം രൂക്ഷമാണ്. മത്സരിച്ച 25 സീറ്റുകളിൽ കേവലം എട്ട് സീറ്റുകളിലേക്ക് പാർട്ടി കൂപ്പുകുത്തിയതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മാറ്റണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. നാദാപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബിനോയ് വിശ്വം കാണിച്ച പിടിവാശിയാണ് പരാജയത്തിന് കാരണമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സിപിഐഎമ്മിന്റെ തീരുമാനങ്ങൾക്ക് കണ്ണടച്ച് സമ്മതം മൂളുന്ന രീതിയിലേക്ക് പാർട്ടിയെ ബിനോയ് വിശ്വം തരംതാഴ്ത്തിയെന്നും രാഷ്ട്രീയ പക്വതയുള്ള നേതൃത്വം വന്നില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളിൽ ഉടലെടുത്ത ഈ അസംതൃപ്തി വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് സൂചനകൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *