India Mirror News

17 സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്; അസമിൽ പ്രളയം രൂക്ഷം, കേരളത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

17 സംസ്ഥാനങ്ങളിൽ കനത്ത മഴ മുന്നറിയിപ്പ്; അസമിൽ പ്രളയം രൂക്ഷം, കേരളത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളം, തമിഴ്‌നാട്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കനത്ത പ്രളയം നേരിടുന്ന അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തോളം ജനങ്ങളെ ബാധിച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നപ്പോൾ, നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്.

അതിനിടെ, തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കി 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. സംസ്ഥാനത്തെ ഭൂരിഭാഗം അണക്കെട്ടുകളിലും ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ എത്തിയതിനെ തുടർന്ന് വെള്ളം നിയന്ത്രിത അളവിൽ പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *