India Mirror News

രാജ്യസഭാ കാലാവധി അവസാനിച്ചു; കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു, കേരളത്തിൽ സജീവമാകാൻ താല്പര്യം

രാജ്യസഭാ കാലാവധി അവസാനിച്ചു; കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു, കേരളത്തിൽ സജീവമാകാൻ താല്പര്യം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. ജോർജ് കുര്യൻ സമർപ്പിച്ച രാജി കത്ത് രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വീണ്ടും മത്സരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സീറ്റ് നൽകിയിരുന്നില്ല. ഇതിനെത്തുടർന്നാണ് കാലാവധി പൂർത്തിയാക്കി അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാൻ തീരുമാനിച്ചത്.

കഴിഞ്ഞ 2024 ഓഗസ്റ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു ജോർജ് കുര്യൻ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. മോദി സർക്കാരിൽ നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്നും അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയിട്ടുണ്ട്. മന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ അദ്ദേഹം ഇനി പാർട്ടിയിലെ സജീവമായ സംഘടനാ ചുമതലകളിലേക്ക് മടങ്ങുമെന്നാണ് സൂചന. കേരളം കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് തനിക്ക് കൂടുതൽ താല്പര്യമെന്ന കാര്യം ജോര്‍ജ് കുര്യന്‍ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് വിവരങ്ങൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *