തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് നാല് മുൻ മന്ത്രിമാർ ഉൾപ്പെടെ നൂറുകണക്കിന് പ്രമുഖ എ.ഐ.എ.ഡി.എം.കെ (അണ്ണാ ഡി.എം.കെ) നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയിൽ ചേർന്നു. അണ്ണാ ഡി.എം.കെ മുൻ മന്ത്രിമാരായ സി. വിജയഭാസ്‌കർ, എം.ആർ. വിജയഭാസ്‌കർ, എം.എസ്.എം. ആനന്ദ്, സി. വളർമതി എന്നിവർക്ക് പുറമെ മുൻ എം.പിമാർ, എം.എൽ.എമാർ, ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള 118 പ്രധാന ഭാരവാഹികളാണ് പാർട്ടി വിട്ട് ടി.വി.കെയിൽ അണിനിരന്നത്. മഹാബലിപുരത്ത് നടന്ന വിപുലമായ മഹാസമ്മേളനത്തിൽ വെച്ച് ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഇവർക്ക് ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വീകരിച്ചു. വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറോളം ബസുകളിലാണ് ആയിരക്കണക്കിന് വരുന്ന പാർട്ടി പ്രവർത്തകർ ഈ ലയന സമ്മേളനത്തിൽ പങ്കെടുക്കാനായി മഹാബലിപുരത്തേക്ക് ഒഴുകിയെത്തിയത്.
വർഷങ്ങളായുള്ള അണ്ണാ ഡി.എം.കെ ബന്ധം ഉപേക്ഷിച്ചതിനെക്കുറിച്ച് മുൻ മന്ത്രി സി. വിജയഭാസ്‌കർ മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെയും അണികളുടെയും കൃത്യമായ തീരുമാനപ്രകാരമാണ് തങ്ങൾ പാർട്ടി വിട്ട് തമിഴക വെട്രി കഴകത്തിൽ ചേരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ടി.വി.കെ നേതാക്കളായ കെ.എ. സെങ്കോട്ടയ്യൻ, ആദവ് അർജുന, കെ.ജി. അരുൺ രാജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻനിര നേതാക്കളുടെയും അണികളുടെയും ഈ കൂട്ടത്തോടെയുള്ള കൂറുമാറ്റം അണ്ണാ ഡി.എം.കെയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ എ.ഡി.എം.കെ നേതാക്കൾ തമിഴക വെട്രി കഴകത്തിലേക്ക് ചേക്കേറുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്.



