ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് യു.എ.ഇയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. സ്മിത് മച്ഛാറിന്റെ ധൈര്യവും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവും നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ചുവെന്ന് പ്രശംസിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിനെ ധീരതയുടെ ഉദാത്ത മാതൃകയായി വിശേഷിപ്പിച്ചു. സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യക്കാർ സന്നദ്ധരാണെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കുമെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. പ്രധാനമന്ത്രിയുടെ വാക്കുകളിൽ വികാരാധീനനായ ക്യാപ്റ്റൻ മച്ഛാർ, നരേന്ദ്ര മോദിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും ഈ ഫോൺ സംഭാഷണം വലിയ അഭിമാനം നൽകുന്നുവെന്നും പ്രതികരിച്ചു.
പതിനേഴ് വർഷത്തെ വിമാനപരിചയവും പതിനൊന്ന് വർഷത്തെ ക്യാപ്റ്റൻ പരിചയവുമുള്ള താൻ മരണമുഖത്തുനിന്നാണ് പോരാടി തിരിച്ചുവന്നതെന്ന് സംഭവം ഓർത്തെടുത്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആക്രമണത്തിൽ താഴെ വീണെങ്കിലും എഴുന്നേറ്റില്ലെങ്കിൽ മരിച്ചുപോകുമെന്ന ബോധ്യത്തിൽ അവസാന ശ്രമമെന്ന നിലയിൽ കോക്ക്പിറ്റ് വാതിൽ തുറക്കുകയായിരുന്നുവെന്നും, തുടർന്ന് മറ്റുള്ളവർ അകത്തുകയറിയാണ് കാര്യങ്ങൾ നിയന്ത്രണത്തിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തത് പൈലറ്റുമാർ തമ്മിലുണ്ടായ തർക്കവും കോക്ക്പിറ്റിലെ സംഘർഷവും മൂലമാണെന്ന് യു.എ.ഇയും സൗദി ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമത്തിൽ പരുക്കേറ്റ ഇരു പൈലറ്റുമാർക്കും മതിയായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.



