വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ റീൽസ് ദൃശ്യങ്ങൾ കണ്ട കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറായ അഭിജിത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് രണ്ടുമാസത്തേക്കാണ് അധികൃതർ സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഇയാളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ശിക്ഷാ നടപടികളിലേക്ക് കടന്നത്. ലൈസൻസ് റദ്ദാക്കിയതിന് പുറമേ, മോട്ടോർ വാഹന വകുപ്പ് നടത്തുന്ന നിർബന്ധിത ട്രാഫിക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണമെന്ന കർശന നിർദ്ദേശവും എൻഫോഴ്സ്മെന്റ് വിഭാഗം ഇയാൾക്ക് നൽകിയിട്ടുണ്ട്. ഈ മാസം 18-ന് രാവിലെ ആറ് മണിയോടെ കൊട്ടാരക്കര – കൊല്ലം റൂട്ടിലോടിയിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തിയ ഈ സംഭവം അരങ്ങേറിയത്. ഡ്രൈവർ സ്റ്റിയറിംഗിലിരുന്ന് ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസിലെ ഒരു യാത്രക്കാരൻ മൊബൈലിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവന്ന് വലിയ വിവാദമായതോടെയാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിച്ചത്.
Tags:
You can share this post!
administrator



