കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞ വരും ബുധനാഴ്ച നടക്കും. മുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാറും ഒപ്പം പത്ത് മന്ത്രിമാരുമാണ് ആദ്യഘട്ടത്തിൽ അധികാരമേൽക്കുക. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഡി. കെ. ശിവകുമാർ രാജ്ഭവനിലെത്തി ഗവർണറുമായി നിർണായക കൂടിക്കാഴ്ച നടത്തി. സത്യപ്രതിജ്ഞയ്ക്കായി ജൂൺ മൂന്ന്, ജൂൺ അഞ്ച് എന്നീ രണ്ട് തീയതികളാണ് അദ്ദേഹം ഗവർണർക്ക് മുന്നിൽ നിർദേശിച്ചിട്ടുള്ളത്. ചടങ്ങുകൾ വിധാൻസൗധയിലോ അതല്ലെങ്കിൽ ലോക്ഭവനിലോ വെച്ച് നടത്താമെന്നും ശിവകുമാർ അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭയിൽ പ്രാദേശിക-സാമുദായിക സമവാക്യങ്ങൾ പാലിച്ച് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. ദളിത്, ലിങ്കായത്ത് വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളായിരിക്കും ഈ പദവികളിലേക്ക് എത്തുക. ആദ്യഘട്ടത്തിൽ ഡി. കെ. ശിവകുമാറിനൊപ്പം എം. ബി. പാട്ടീൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, ഡോ. യതീന്ദ്ര സിദ്ധരാമയ്യ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
പുതിയ സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലും കർണാടകയുടെ ചുമതലയുള്ള രൺദീപ് സിംഗ് സുർജ്ജേവാലയും പങ്കെടുക്കും. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും കർണാടകയിൽ വിപുലമായ രീതിയിലുള്ള മന്ത്രിസഭാ വികസനം ഉണ്ടാകുക. മലയാളി നേതാവും മുൻ മന്ത്രിയുമായ കെ. ജെ. ജോർജ് ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. കർണാടകയിലെ ഈ നേതൃമാറ്റത്തിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ പൂർണ്ണമായും തൃപ്തിപ്പെടുത്തി ഒപ്പം നിർത്താനാണ് ഹൈക്കമാൻഡ് അതീവ ജാഗ്രതയോടെ നീങ്ങുന്നത്. ഇതിന്റെ ഭാഗമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയിൽ, തന്റെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് പുതിയ മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ നൽകണം എന്നതടക്കമുള്ള കടുത്ത നിബന്ധനകൾ സിദ്ധരാമയ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ നിബന്ധനകൾ ഹൈക്കമാൻഡ് അംഗീകരിച്ചതോടെയാണ് കർണാടകയിലെ അധികാരത്തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായിരിക്കുന്നത്.



