കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ലൈംഗികച്ചുവയോടെയുള്ള സംഭാഷണം, മതവികാരം വ്രണപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ അതീവ ഗുരുതരമായ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അമ്മ സംഘടനയുടെ കുടുംബസംഗമ റിഹേഴ്സലിനിടെ ടിനി ടോം അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയെന്നും, തന്നെ ജിഹാദിയെന്നും മതതീവ്രവാദിയെന്നും വിളിച്ച് ആക്ഷേപിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വ്യാജപ്രചാരണങ്ങൾ നടത്തി തന്നെയും കുടുംബത്തെയും വേട്ടയാടിയതായും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും അൻസിബ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെ ഈ വെളിപ്പെടുത്തൽ നടത്തിയ ശേഷം ജൂൺ ഒന്നിനാണ് നടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കടവന്ത്ര പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
അതേസമയം, ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപം തുടരുന്നതിനെതിരെ അൻസിബ ഹസൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയ, സുകുമാരൻ, സുരേഷ്, പാലാരിവട്ടം എസ്.എച്ച്.ഒ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് കാട്ടിയാണ് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ നടി ശ്വേത മേനോന്റെ പങ്ക് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്ന തരത്തിലുള്ള വ്യാജ വീഡിയോകൾ യൂട്യൂബ് ചാനലിലൂടെ കൂടുതൽ പ്രചരിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാലാരിവട്ടം എസ്.എച്ച്.ഓയോട് ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും, ഇത് തനിക്ക് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയെന്നും അൻസിബ വ്യക്തമാക്കുന്നു. നടപടിയുണ്ടാകാത്തതിനെ തുടർന്ന് നേരത്തെ ജില്ലാ പോലീസ് മേധാവിക്കും നടി പരാതി നൽകിയിരുന്നു. അൻസിബയുടെ പുതിയ ഹർജിയിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ മാസം ഒമ്പതിന് കോടതി ഹർജി വീണ്ടും പരിഗണിക്കും.



